മൺട്രിയോൾ : സൂര്യാഘാതത്തെ തുടർന്ന് നഗരത്തിൽ ഒരാൾ മരിച്ചതായി മൺട്രിയോൾ പൊതുജനാരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ജൂൺ അവസാനത്തിൽ ആരംഭിച്ച ഉഷ്ണതരംഗത്തിൽ അഞ്ച് പേർ കൂടി മരിച്ചതായി സംശയിക്കുന്നതായി വകുപ്പ് വക്താവ് ട്യൂഡർ മേറ്റെയ് അറിയിച്ചു. നഗരത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ള ദിവസങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യാൻ എമർജൻസി ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൊതുജനാരോഗ്യ വകുപ്പ് പറയുന്നു. അതേസമയം ഞായറാഴ്ച മുതൽ കടുത്ത ചൂട് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് ഏജൻസി അറിയിച്ചു.

മൺട്രിയോളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും താപനില 33 ഡിഗ്രി സെൽഷ്യസ് കവിഞ്ഞിരുന്നു. ഇന്ന് താപനില 34 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ബുധനാഴ്ചത്തെ ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വ്യാഴാഴ്ചയോടെ തണുത്ത കാലാവസ്ഥ തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു.