വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ പോർട്ട് ആൽബെർണിക്ക് സമീപം കാട്ടുതീ പടർന്നതിനെത്തുടർന്ന് മുന്നൂറോളം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി മൗണ്ട് അണ്ടർവുഡിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10 മണിയോടെ 630 ഹെക്ടറോളം പ്രദേശം തീ വിഴുങ്ങിയതായി ബി.സി. വൈൽഡ്ഫയർ സർവീസ് (BCWS) അറിയിച്ചു. ഇത് പിന്നീട് ശക്തമായ കാട്ടുതീയായി മാറിയെന്നും അധികൃതർ പറഞ്ഞു.

ഇതോടെ, പോർട്ട് ആൽബെർണിക്കും ബാംഫീൽഡിനും ഇടയിലുള്ള റോഡ് അടച്ചിട്ടു. ക്യാമ്പ് സൈറ്റിലെ ആളുകളുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പോർട്ട് ആൽബെർണി പോർട്ട് അതോറിറ്റിയുടെ സഹ സിഇഒ മൈക്ക് കാർട്ടർ പറഞ്ഞു. തീകെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.