വാഷിങ്ടൺ : യുഎസിൽ മൊത്തവ്യാപാര മേഖലയിലെ പണപ്പെരുപ്പം കഴിഞ്ഞ മാസം കുത്തനെ ഉയർന്നതായി പുതിയ കണക്കുകൾ. 2022 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വർധനവാണിത്. ജൂലൈയിൽ ഉത്പാദകർക്കും നിർമ്മാതാക്കൾക്കും ചെലവ് വർധിച്ചതാണ് ഇതിന് കാരണം. ഉത്പാദക വില സൂചിക (പിപിഐ) ജൂണിൽ നിന്ന് 0.9% വർധിച്ച് 3.3% ആയി ഉയർന്നു. ഈ വിലവർധ സമീപഭാവിയിൽ തന്നെ ഉപഭോക്താക്കളെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഈ റിപ്പോർട്ട് ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ Dow 175 പോയിന്റ് (0.4%) ഇടിഞ്ഞു. S&P 500 സൂചിക 0.35 ശതമാനവും ടെക് ഭീമന്മാരുൾപ്പെട്ട നാസ്ഡാക്ക് കോമ്പോസിറ്റ് 0.3 ശതമാനവും താഴ്ന്നു. ഉയർന്ന പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയിൽ വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ പറയുന്നു. ഇതോടെ, സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾക്ക് മങ്ങലേറ്റു.