ധാക്ക : പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാർ ഈ മാസം 23-ന് ബംഗ്ലദേശ് സന്ദർശിക്കും. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് മാറിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. ഈ വർഷം ഏപ്രിലിൽ നിശ്ചയിച്ചിരുന്ന സന്ദർശനം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.

സന്ദർശനത്തിന്റെ വിശദാംശങ്ങൾ പൂർണ്ണമായി ലഭ്യമായിട്ടില്ലെങ്കിലും, ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസുമായി ഇസ്ഹാഖ് ദാർ കൂടിക്കാഴ്ച നടത്തും. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. കഴിഞ്ഞ മാസം, നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ടുകൾ ഉള്ളവർക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ അനുമതി നൽകാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്റെ വിദേശകാര്യ സെക്രട്ടറി അംന ബലോച്ച് ഏപ്രിലിൽ ബംഗ്ലദേശ് സന്ദർശിച്ചതും ശ്രദ്ധേയമാണ്.