ഓസ്ലോ: റഷ്യന്‍ ഹാക്കര്‍മാര്‍ നോര്‍വേയിലെ ഒരു അണക്കെട്ടിന്റെ നിയന്ത്രണമേറ്റെടുത്ത് വെള്ളം തുറന്നുവിട്ടതായി നോര്‍വേയുടെ രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. ഈ വര്‍ഷം ഏപ്രില്‍ 7-ന് പടിഞ്ഞാറന്‍ നോര്‍വേയിലെ ബ്രെമാന്‍ഗറിലെ അണക്കെട്ടിലാണ് സംഭവം. ഹാക്കര്‍മാര്‍ ഡാമിന്റെ പ്രവര്‍ത്തന സംവിധാനത്തില്‍ നുഴഞ്ഞുകയറുകയും സെക്കന്‍ഡില്‍ 500 ലിറ്റര്‍ എന്ന തോതില്‍ നാല് മണിക്കൂറോളം വെള്ളം തുറന്നുവിടുകയും ചെയ്തു.
അധികൃതര്‍ ഈ സൈബര്‍ ആക്രമണം കണ്ടെത്തി ഉടന്‍ തടഞ്ഞതിനാല്‍ ആളപായം ഉണ്ടായില്ല. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റഷ്യന്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായി നോര്‍വേയുടെ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. യുക്രെയ്‌നിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ റഷ്യ അട്ടിമറി നീക്കങ്ങള്‍ നടത്തുന്നുവെന്ന് ബ്രിട്ടീഷ് ഏജന്‍സികളും ആരോപിച്ചിരുന്നു.

ആര്‍ട്ടിക് മേഖലയില്‍ നോര്‍വേ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക ശക്തമായിരിക്കുകയാണ്.