ടൊറന്റോ : ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ യൂണിയനും എയർ കാനഡയും തമ്മിലുള്ള തൊഴിൽ തർക്കത്തിൽ ഇടപെട്ട് ഫെഡറൽ സർക്കാർ. ഇരു കക്ഷികളോടും പ്രവർത്തനങ്ങൾ പുനരാരംഭിച്ച് നിർബന്ധിത ആർബിട്രേഷൻ വഴി തർക്കം പരിഹരിക്കാൻ തൊഴിൽ മന്ത്രി പാറ്റി ഹൈഡു ആവശ്യപ്പെട്ടു. എയർലൈനുമായി കരാറിലെത്താൻ കഴിയാത്തതിനെ തുടർന്ന് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ജോലിയിൽ നിന്ന് വിട്ടുനിന്നതോടെ ലോകമെമ്പാടുമുള്ള യാത്രക്കാർ ദുരിതത്തിലായതായി മന്ത്രി ചൂണ്ടിക്കാട്ടി.

ഈ തൊഴിൽ തർക്കം കനേഡിയൻ ജനതയ്ക്കും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും “ഗുരുതരമായ ദോഷം” വരുത്തുന്നതായും പ്രതികൂല ഫലങ്ങളുണ്ടാക്കുന്നതായും ഹൈഡു പറഞ്ഞു. തൊഴിൽ തടസ്സമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയർ കാനഡ അറുനൂറിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ ദിവസങ്ങൾ എടുത്തേക്കാമെന്നും ഹൈഡു കൂട്ടിച്ചേർത്തു.