ഓട്ടവ: പണിമുടക്കിനെത്തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്ത എയർ കാനഡ വിമാനം റദ്ദാക്കപ്പെട്ടാൽ, ഒരിക്കലും റീഫണ്ട് സ്വീകരിക്കരുതെന്ന് വിദഗ്ധർ . മറ്റൊരു വിമാനത്തിൽ യാത്ര ഉറപ്പാക്കാനുള്ള ബാധ്യതയിൽ നിന്ന് എയർലൈനിന് കൈ കഴുകാനുള്ള ഒരു മാർഗം മാത്രമാണ് റീഫണ്ട് എന്ന് എയർ പാസഞ്ചർ റൈറ്റ്സ് പ്രസിഡൻ്റ് ഗാബോർ ലുകാക്സ് പറഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ട വിമാനം റദ്ദാക്കപ്പെട്ടാൽ ചെയ്യേണ്ട നടപടിക്രമങ്ങളെക്കുറിച്ച് കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയുടെ നിർദ്ദേശങ്ങളിൽ വ്യക്തമാണെന്ന് എയർ പാസഞ്ചർ റൈറ്റ്സ് പ്രസിഡൻ്റ് ഗാബോർ ലുകാക്സ് പറയുന്നു. ഇതനുസരിച്ച് മറ്റൊരു എയർലൈനിൽ പുതിയ ടിക്കറ്റിനുള്ള ബിൽ എയർ കാനഡ വഹിക്കേണ്ടതുണ്ട്. എയർലൈൻ കമ്പനിയുടെ പരിധിക്ക് പുറത്തുള്ള കാരണങ്ങൾ കൊണ്ടാണ് പണിമുടക്ക് ഉണ്ടാകുന്നതെങ്കിൽപ്പോലും കാനഡയുടെ എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് അനുസരിച്ച്, ലഭ്യമായ മറ്റേതെങ്കിലും ഫ്ലൈറ്റിൽ യാത്രക്കാർക്ക് പുതിയ റിസർവേഷൻ ബുക്ക് ചെയ്യേണ്ടതുണ്ട്. ചെലവ് എന്തു തന്നെയായാലും, യാത്രക്കാരെ ലഭ്യമായ അടുത്ത വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ എയർലൈൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.