ഓട്ടവ : തിരികെ ജോലിയിൽ പ്രവേശിക്കാൻ ഫെഡറൽ സർക്കാർ ഉത്തരവിട്ടിട്ടും സമരം തുടരുമെന്ന് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് യൂണിയൻ. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് യൂണിയൻ ആരോപിച്ചു. ന്യായമായ കരാറുണ്ടാക്കാൻ എയർ കാനഡയുമായി ചർച്ച തുടരാൻ തയ്യാറാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡയിലെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുകൾ ശനിയാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. ഇതോടെയാണ് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB) നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിക്കുകയും പണിമുടക്ക് അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തത്.

സമരം അവസാനിക്കുമെന്ന പ്രതീക്ഷയിൽ എയർ കാനഡ ഞായറാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. പണിമുടക്ക് കാരണം ശനിയാഴ്ച 700 പ്രതിദിന വിമാന സർവീസുകൾ കമ്പനി റദ്ദാക്കി. വിഷയത്തിൽ എയർ കാനഡയും CIRB യും കനേഡിയൻ സർക്കാർ വക്താവും പ്രതികരിച്ചിട്ടില്ല.