എഡ്മിന്റൻ: കാനഡയിലെ ആദ്യത്തെ മലയാളി ലയൺസ് ക്ലബായ എഡ്മിന്റൻ മലയാളി ലയൺസ് ക്ലബ് (EMLC) രൂപീകരിച്ചു. വടക്കേ അമേരിക്കയിലെ തന്നെ ആദ്യത്തെ മലയാളി ലയൺസ് ക്ലബ്ബാണിത്. ക്ലബിന്റെ പ്രസിഡന്റായി സോവറിൻ ജോണിനെയും സെക്രട്ടറിയായി അനൂപ് അബ്രഹാമിനെയും ട്രഷററായി അൽബിൻ ജോർജിനേയും മെമ്പർഷിപ്പ് ചെയർമാനായി റോമി ജോർജിനേയും തിരഞ്ഞെടുത്തു.

എഡ്മിന്റൻ ചൈനീസ് ലയൺസ് ക്ലബാണ് മലയാളി ലയൺസ് ക്ലബിന്റെ സ്പോൺസർ. ഡിസ്ട്രിക്റ്റ് C1 ലെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. തോമസ് വർഗീസ്, മുൻ കൗൺസിൽ ചെയർമാൻ ടോം ഹോഡ്‌സൺ, ബാർബ് റൈലി (ഗൈഡിംഗ് ലയൺ), ജാക്ക് റൈലി, എൽസിഐ ഓഫീസ് സ്റ്റാഫ് എന്നിവർ ക്ലബിന്റെ രൂപീകരണത്തിന് നേതൃതം നല്കി. അതോടൊപ്പം കേരളത്തിലെ വിപിഎം (വണ്ണപ്പുറം) ഡയമണ്ട് ലയൺസ് ക്ലബ്, പ്രസിഡന്റ് സാം ജോസഫ്, മുൻ പ്രസിഡന്റ് എൽദോസ് സി ഐപ്പ് എന്നിവർ മാർഗ്ഗനിർദ്ദേശം നൽകി. ക്ലബിന്റെ ചാർട്ടർ നൈറ്റ് വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ലബ് അധിക്രതർ അറിയിച്ചു.