ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചയോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.
കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ദേശീയ പതാകയുമായി നിരവധി പേര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. തന്റെ കുടുംബത്തെയും രാജ്യത്തെ ജനങ്ങളെയും കണ്ടതിലുള്ള സന്തോഷം ശുഭാംശു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ വ്യക്തമാക്കി. ”ജീവിതം ഇതാണ്,” അദ്ദേഹം കുറിച്ചു.

ജൂണ്‍ 26-ന് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാംശു ബഹിരാകാശ നിലയത്തിലെത്തിയത്. സ്പേസ് എക്സ് ഡ്രാഗണില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗ സംഘത്തിലെ ഒരാളായിരുന്നു അദ്ദേഹം. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പൗരനെന്ന അതുല്യമായ നേട്ടവും ശുഭാംശു സ്വന്തമാക്കി. കൂടാതെ, ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യക്കാരനും അദ്ദേഹമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സ്വദേശമായ ലഖ്നൗവിലേക്ക് മടങ്ങുന്ന ശുഭാംശുവിന് അവിടെയും ഗംഭീര സ്വീകരണം ഒരുക്കിയിട്ടുണ്ട്. ലഖ്നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളില്‍ ഈ മാസം 25-ന് അദ്ദേഹത്തിന് സ്വീകരണം നല്‍കും. കൂടാതെ, ഈ മാസം 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. 2027-ല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗന്‍യാനിലും ശുഭാംശു ശുക്ല ഒരു പ്രധാന അംഗമാണ്.