ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ശു ശുക്ല ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളില്‍ ശുഭാംശുവും ഭാഗമാകും. ശുഭാന്‍ശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും.
ആക്‌സിയം ഫോര്‍ ദൗത്യത്തിനായി ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ശുഭാന്‍ശു ശുക്ല ഉള്‍പ്പെടുന്ന നാലംഗ സംഘം ബഹിരാകാശത്തേക്ക് തിരിച്ചത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയായിരുന്നു ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് 39-കാരനായ ശുഭാംശു ശുക്ല. നാസയുടെ മുതിര്‍ന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരായിരുന്നു ശുഭാന്‍ശു ശുക്ലയുടെ സഹയാത്രികര്‍.