എഡ്മിന്റൻ : ജയിലുകളിൽ സൗരോർജ്ജം ഉപയോഗിക്കാൻ പദ്ധതിയുമായി ആൽബർട്ട സർക്കാർ. 10 കറക്ഷണൽ സെന്ററുകളിൽ അഞ്ചെണ്ണത്തിൽ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിലൂടെ പ്രതിവർഷം 10 ലക്ഷം ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻഫ്രാസ്ട്രക്ചർ മന്ത്രിയുടെ പ്രസ് സെക്രട്ടറി മൈക്കിൾ ക്വാസ് പറഞ്ഞു. നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 80 ശതമാനവും സോളാർ പാനലുകൾ വഴി ഉത്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡ്മിന്റൻ, കാൽഗറി എന്നിവിടങ്ങളിലുള്ള ജയിലുകളിലാണ് ആദ്യ ഘട്ടത്തിൽ സോളാർ പാനലുകൾ സ്ഥാപിക്കുക. കാനഡയിൽ ജയിലുകളിൽ സൗരോർജ്ജം ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. അതേസമയം, അമേരിക്കയിൽ ഇത് സാധാരണമാണ്.