ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഡല്‍ഹിയില്‍. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വാങ് യി യുടെ സന്ദര്‍ശനം. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തുന്നത്.
ഗാല്‍വന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ – ചൈന ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കുന്നതിനുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനം. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുക്കും.

ഈ മാസം അവസാനം നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. മോദി ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കും ചൈനക്കും തീരുവ ചുമത്തിയതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. ഈ നടപടിക്ക് ശേഷം ഇന്ത്യ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബുധനാഴ്ച റഷ്യ സന്ദര്‍ശിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗി ലാവ്‌റോവുമായി ചര്‍ച്ച നടത്തും.