റിയാദ്: തിങ്കളാഴ്ച മുതല്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ് ഉള്‍പ്പെടെ ആറ് പ്രവിശ്യകളില്‍ അടുത്ത ഒരാഴ്ചത്തേക്ക് മഴ തുടരാന്‍ സാധ്യതയുണ്ട്.
ജസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന, തബൂക്ക് എന്നീ പ്രദേശങ്ങളിലാണ് മഴ കൂടുതല്‍ പ്രതീക്ഷിക്കുന്നത്. റിയാദിന്റെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും ലഭിച്ചേക്കും. ജസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ ശക്തമായാല്‍ വെള്ളപ്പൊക്കത്തിനും ജലനിരപ്പ് ഉയരുന്നതിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഇത് ചിലയിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. ജസാന്‍, അസീര്‍ മേഖലകളില്‍ കാഴ്ച പരിമിതമാക്കുന്ന രീതിയില്‍ ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.