വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രിസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടക്കാനിരിക്കെ പുതിയ നിലപാടുമായി ട്രംപ്. യുക്രെയ്‌ന് നാറ്റോയില്‍ ഒരിക്കലും പ്രവേശനം നല്‍ക്കില്ലെന്നും ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
‘യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല’ ട്രംപ് കുറിച്ചു.

2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്. നാറ്റോയില്‍ ചേരാനുള്ള യുക്രൈന്റെ ശ്രമങ്ങളെ തുടക്കംമുതലേ പുതിനും റഷ്യയും എതിര്‍ക്കുന്നുണ്ട്. ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തുംമുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുടിനും ആവശ്യപ്പെട്ടിരുന്നു.
അതേസമയം സെലെന്‍സ്‌കിയുമായി ട്രംപ് വാഷിങ്ടണില്‍ നടത്തുന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാന്‍ഡര്‍ സ്റ്റബ്സ് തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.