എഡ്മിന്റന്‍: കണ്‍സര്‍വേറ്റിവ് ലീഡര്‍ പിയേര്‍ പൊളിയേവ് വീണ്ടും പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുന്നു. ആല്‍ബര്‍ട്ട ബാറ്റില്‍ റിവര്‍-ക്രോഫൂട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പൊളിയേവ് വന്‍ വിജയം. 40,548 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പൊളിയേവ് ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരികെയെത്തുന്നത്. 5,013 വോട്ടുകള്‍ നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോണി ക്രിച്ചലിയാണ് തൊട്ടുപിന്നില്‍. ലിബറല്‍ സ്ഥാനാര്‍ത്ഥി ഡാര്‍സി സ്പാഡി നേടിയത് 2,174 വോട്ടുകളും.
പിയേര്‍ പൊളിയേവിന് ഹൗസ് ഓഫ് കോമ്മണ്‍സിലെ സ്ഥാനം നഷ്ടമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഏപ്രിലില്‍ നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ കാള്‍ട്ടണ്‍ റൈഡിങ്ങില്‍ നിന്ന് പരാജയപ്പെട്ടതോടെ പൊളിയേവിന് പ്രതിപക്ഷ നേതാവ് പദവി നഷ്ടമായി. ഇതേത്തുടര്‍ന്ന് ബാറ്റില്‍ റിവര്‍-ക്രോഫൂട്ട് റൈഡിങ്ങില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംഎല്‍എ ഡാമിയന്‍ കുറേക്ക്, സ്ഥാനം രാജി വച്ച് പിയേര്‍ പൊളിയേവിന് മത്സരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെന്നാണ് ബാറ്റില്‍ റിവര്‍-ക്രോഫൂട്ട്. ഇരുന്നൂറിലധികം സ്ഥാനാര്‍ത്ഥികളായിരുന്നു പൊലിയേവിനെതിരെ മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗവും ‘ലോംഗസ്റ്റ് ബാലറ്റ് കമ്മിറ്റി’യുടെ ഭാഗമാണ്. സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ ബാലറ്റില്‍ ഇഷ്ട സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതി ചേര്‍ത്താണ് സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തിയത്. 86,000-ല്‍ അധികം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 14,000-ല്‍ അധികം ആളുകള്‍ മുന്‍കൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നു.