വാഷിങ്ടണ്‍: റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായാണ് ഇന്ത്യക്ക് അധിക താരിഫ് ചുമത്തിയതെന്ന് വൈറ്റ് ഹൗസ്. റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി അതിലൂടെ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനായിരുന്നു ലക്ഷ്യമെന്ന് വൈറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യക്ക് മേല്‍ ‘ദ്വിതീയ സമ്മര്‍ദ്ദം’ ചെലുത്തുകയാണ് ഇന്ത്യക്ക് അധിക താരിഫ് ഏര്‍പ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കൂടാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്ക് മേല്‍ ഉപരോധങ്ങളും മറ്റ് നടപടികളും കൈക്കൊളളുന്നതിലുടെ റഷ്യക്ക് മേല്ഡ വീണ്ടും സമ്മര്‍ദ്ദമുണ്ടാവുകയാണ്. ഈ യുദ്ധം എങ്ങനെയും അവസാനിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ആഗ്രഹമുളളത് കൊണ്ടാണ് ഈ നടപടി സ്വീകരിച്ചതെന്നും കരോലിന്‍ പറഞ്ഞു.

ട്രംപ് അധികാരത്തിലായിരുന്നെങ്കില്‍ ഈ യുദ്ധം ആരംഭിക്കില്ലായിരുന്നു എന്ന വൈറ്റ് ഹൗസിന്റെ നിലപാട് ലീവിറ്റ് വീണ്ടും ആവര്‍ത്തിച്ചു. യൂറോപ്യന്‍ നേതാക്കളും അത് വിശ്വസിക്കുന്നു, പുടിന്‍ പോലും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും കരോലീന്‍ മാധ്യമപ്രവര്‍കരോട് വ്യക്തമാക്കി. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ഈ വൈറ്റ ഹൗസിന്റെ പ്രസ്താവന.
അതേസമയം യു.എസ് തീരുമാനത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. യു.എസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയില്‍ പറയുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.