യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായി നടി റിനി ആന്‍ ജോര്‍ജ്. ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ തയാറല്ലെന്നും ആ നേതാവ് ക്രിമിനല്‍ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു. തനിക്ക് നേരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും അതില്‍ തനിക്ക് ഭയമില്ലെന്നും റിനി പറഞ്ഞു. ആ നേതാവിന്റെ ഭാഗത്ത് നിന്നടക്കമാണ് സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്ന് റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തന്റെ ഭാഗത്ത് സത്യമുണ്ടെന്നും താന്‍ ഈ ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകള്‍ തന്നെ വിളിച്ചിരുന്നതായും റിനി മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും ഇയാളില്‍ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോയെന്നും സംഘടനാപരമായ നടപടി ആ നേതാവിനെതിരെ എടുക്കുന്ന കാര്യത്തില്‍ ആ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി പറഞ്ഞു.

പേരുപറയാത്തതിനു കാരണം ഞാന്‍ ഇന്നലെ വ്യക്തമാക്കിയതാണെന്നും ഇത് വ്യക്തിപരമായ വിഷയമല്ല, ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ എന്ന ചോദ്യമാണ് ഉയരുന്നതെന്നും റിനി പറഞ്ഞു. ‘പല പെണ്‍കുട്ടികളും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നതുകൊണ്ട് ഞാനത് തുറന്നുപറഞ്ഞു എന്ന് മാത്രം. ഈ ക്രിമിനലിനെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. അവരാരും സമൂഹത്തെ ഭയന്ന് തുറന്നുപറയാന്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് പറയുന്നു, തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ടുളള ഗിമ്മിക്സ് ആണ്, മറ്റ് പാര്‍ട്ടിക്കാര്‍ ഒപ്പം നില്‍ക്കുന്നുണ്ട്. സ്പോണ്‍സര്‍ ചെയ്യുന്നുണ്ട് എന്നൊക്കെ പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ ഒറ്റയ്ക്ക് നിന്ന് ധൈര്യത്തോടെ സംസാരിക്കുകയാണ്.’-റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.