റിയാദ്: പ്രതിരോധ, സുരക്ഷ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി പ്രതിരോധ മന്ത്രാലയം അമേരിക്കൻ സൈന്യവുമായി പുതിയ സഹകരണ കരാർ ഒപ്പുവച്ചു. പരിശീലനം, വിദഗ്ധരുടെ കൈമാറ്റം, സുരക്ഷയൊരുക്കുന്നതിലും സമാധാന അന്തരീക്ഷത്തിൽ സ്ഥിരതയുണ്ടാക്കുന്നതിലും പിന്തുണ എന്നിവയാണ് കരാറിലെ വ്യവസ്ഥകൾ.

ഇന്ത്യാന, ഒക്‌ലഹോമ നാഷനൽ ഗാർഡുമായാണ് കരാർ. കരാർ പ്രകാരം സംയുക്ത സേനാ സംവിധാനം രൂപപ്പെടുത്തും. സൗദി കരസേനയെ കൂടുതൽ സജ്ജമാക്കും, സംയുക്ത സൈനിക പരിശീലനം നടത്തും, തന്ത്രങ്ങൾ ഒരുക്കുന്നതിലെ ആസൂത്രണം, മികച്ച നേതൃത്വത്തെ രൂപപ്പെടുത്തൽ എന്നിവയിലും സഹകരണമുണ്ടാകും. അത്യാഹിതങ്ങളിൽ എങ്ങനെ ഇടപെടണം, പ്രകൃതി ദുരന്തങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയിലും സൗദിക്ക് അമേരിക്കൻ സേനയുടെ സഹായം ലഭിക്കും. സൗദി സൈനികരെ അമേരിക്കയിലും തിരിച്ചും പരിശീലിപ്പിക്കും.