ഓട്ടവ : ലോകത്തെ വൻകിടനഗരങ്ങളിലെല്ലാം ഭവനപ്രതിസന്ധി രൂക്ഷമാണ്. പ്രത്യേകിച്ച് ജോലിക്കായും പഠനത്തിനായും അന്യനാടുകളിലേക്ക് എത്തുന്നവർക്ക്, വീട് വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ ഭഗീരഥപ്രയത്നം വേണ്ടിവരും. സമാനമായ അവസ്ഥയാണ് കാനഡയിലുടനീളവും നിലനിൽക്കുന്നത്. ഭവനപ്രതിസന്ധി രൂക്ഷമായ കാനഡയിൽ പരിഹാരമായി അടുത്ത പത്തു വർഷത്തിനുള്ളിൽ 32 ലക്ഷം പുതിയ വീടുകൾ നിർമ്മിക്കണമെന്ന് പാർലമെന്‍ററി ബജറ്റ് ഓഫീസർ (PBO). അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ വീടുകളുടെ നിർമ്മാണം കൂടുമെന്നും ഏറ്റവും പുതിയ PBO റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത ദശകത്തിൽ പ്രതിവർഷം ശരാശരി 227,000 പുതിയ വീടുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത പത്തു വർഷത്തിനുള്ളിൽ ഏകദേശം 25 ലക്ഷം വീടുകൾ നിർമ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് PBO പറയുന്നു. ഇത് ഭവനപ്രതിസന്ധിക്ക് പരിഹാരമായ 32 ലക്ഷത്തേക്കാൾ കുറവാണ്. അതേസമയം, കാനഡ കുടിയേറ്റ ലക്ഷ്യങ്ങൾ വെട്ടിക്കുറക്കുന്നതോടെ ആവശ്യമായ പുതിയ വീടുകളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് പ്രതീക്ഷിക്കുന്നു.