Friday, October 17, 2025

ചരിത്രമെഴുതി സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം പറക്കല്‍; സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ലാന്‍ഡ് ചെയ്തു

ടെക്സസ്: ഹാട്രിക് തിരിച്ചടികള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്റെ 10-ാം പരീക്ഷണം വിജയം. ദക്ഷിണ ടെക്സസിലെ സ്റ്റാര്‍ബേസില്‍ നിന്നുളള വിക്ഷേപണത്തിന് മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. അതേസമയം റോക്കറ്റിന്റെ മുകള്‍ഭാഗം വിജയകരമായി കുതിച്ച് എട്ട് സ്റ്റാര്‍ലിങ്ക് ഡമ്മി സാറ്റ്ലൈറ്റുകള്‍ ആദ്യമായി വിക്ഷേപിച്ചു. ഇതിന് ശേഷം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന മുകള്‍ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിജയകരമായി സ്പ്ലാഷ്ഡൗണ്‍ ചെയ്തു.

സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണ വിജയത്തില്‍ സ്‌പേസ് എക്സ് സംഘത്തെ സിഇഒ ഇലോണ്‍ മസ്‌ക് അഭിനന്ദിച്ചു. സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ മൂന്ന് പരീക്ഷണങ്ങളും പരാജയമായിരുന്നു. അവസാനം നടന്ന ഒമ്പതാം പരീക്ഷണ ദൗത്യത്തില്‍ ലക്ഷ്യം പൂര്‍ത്തിയാക്കും മുന്‍പ് സ്റ്റാര്‍ഷിപ് തകര്‍ന്നതായി സ്‌പേസ് എക്സ് സ്ഥിരീകരിച്ചിരുന്നു. സ്‌പേസ്‌ക്രാഫ്റ്റിന്റെ പേലോഡ് വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ ഡമ്മി സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റുകള്‍ വിന്യസിക്കാനായില്ല. അനിയന്ത്രിതമായി സഞ്ചരിച്ച പേടകം റീ-എന്‍ട്രിക്കിടെ ഛിന്നഭിന്നമാവുകയും ചെയ്തു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയക്കാന്‍ ലക്ഷ്യമിട്ട് സ്പേസ് എക്സ് തയ്യാറാക്കുന്ന മെഗാ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. താഴെയുള്ള സൂപ്പര്‍ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകള്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്താന്‍ കഴിയും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!