കാൽഗറി : സൗത്ത് ഈസ്റ്റ് കാൽഗറിയിലെ മഹാഗണി ലേക്കിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചതായി റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്.
ലേക്കിന് സമീപമുള്ള ഡോക്കിൽ ഒരാൾ മുങ്ങിത്താഴുന്നത് കണ്ടതായി ദൃക്സാക്ഷികൾ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്മെൻ്റും (CFD) സതേൺ ആൽബർട്ട അണ്ടർവാട്ടർ സെർച്ച് ടീമും (UST) ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

തിരച്ചിലിനിടെ, അപകടസ്ഥലത്തിന് സമീപം രണ്ടാമതൊരാളുടെ സാധനങ്ങൾ കൂടി കണ്ടെത്തി. ഇതോടെ രണ്ടുപേർ അപകടത്തിൽപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ 20 വയസ്സുള്ള രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ ലേക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.