വാഷിങ്ടൺ : ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് റോക്കറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്യാനും ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾക്ക് പുറമെ, സ്റ്റാർഷിപ്പ് ഉപയോഗിച്ച് അതിവേഗത്തിൽ ഭൂമിയിൽ യാത്ര ചെയ്യാനാകുമെന്നാണ് മസ്‌കിന്റെ വാദം. ലൊസാഞ്ചലസിൽ നിന്ന് സിഡ്‌നിയിലേക്കോ ടോക്കിയോയിലേക്കോ ബഹിരാകാശത്ത്കൂടി 30 മിനിറ്റിനുള്ളിൽ എത്താൻ സാധിക്കുമെന്നും, അറ്റ്‌ലാന്റിക് സമുദ്രം 10 മിനിറ്റിനുള്ളിൽ മറികടക്കാമെന്നും മസ്‌ക് പറഞ്ഞു.

ഇത് സാധാരണ വിമാനയാത്രകളെക്കാൾ 25 ഇരട്ടി വേഗത്തിലായിരിക്കും. ഈ ഹൈപ്പർസോണിക് യാത്ര ശബ്ദ മലിനീകരണവും കാർബൺ ബഹിർഗമനവും കുറയ്ക്കാൻ സഹായിക്കുമെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. എന്നാൽ, സാധാരണക്കാർക്ക് ഇത് താങ്ങാനാവുന്ന ചെലവിൽ ലഭ്യമാകുമോ, യാത്രയ്ക്ക് പ്രത്യേക ആരോഗ്യ മാനദണ്ഡങ്ങൾ ആവശ്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്.