ടോക്കിയോ : ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ജപ്പാനും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർഥ്യമാക്കാനാകും. ജിഎസ്ടിയിലടക്കം വലിയ പരിഷ്ക്കരണത്തിന് ഇന്ത്യ തയാറെടുക്കുകയാണെന്നും ഇന്ത്യ- ജപ്പാൻ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. അതേസമയം, യുഎസ് തീരുവയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചില്ല.

അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. ജപ്പാൻ സന്ദർശനത്തിന് ശേഷം ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തിയതികളിൽ മോദി ചൈന സന്ദർശിക്കും. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് മോദിയുടെ ചൈന സന്ദർശനം. ഒന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.