ബ്രാംപ്ടൺ : തൊഴിലാളി ദിനത്തിൽ പൂർണ്ണ വെടിക്കെട്ട് നിരോധനം ഏർപ്പെടുത്തിയതായി ബ്രാംപ്ടൺ സിറ്റി അറിയിച്ചു. അതേസമയം മിസ്സിസാഗയിൽ വെടിക്കെട്ട് നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. മിസ്സിസാഗയിൽ പടക്കങ്ങൾക്ക് പകരം സ്പാർക്ക്ലറുകൾ, ഗ്ലോ സ്റ്റിക്കുകൾ തുടങ്ങിയവ ഉപയോഗിച്ച് ആഘോഷിക്കാൻ സിറ്റി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. അതേസമയം ബ്രാംപ്ടൺ നഗരത്തിനുള്ളിൽ എല്ലാത്തരത്തിലുമുള്ള പടക്കങ്ങളുടെ ഉപയോഗം, വിൽപ്പന, പ്രദർശനം, വാങ്ങൽ, വിതരണം, കൈവശം വയ്ക്കൽ എന്നിവ നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ചു പടക്കം പൊട്ടിക്കുന്നവർക്ക് കുറഞ്ഞത് 500 ഡോളർ പിഴ ഈടാക്കും. കൂടാതെ പടക്കം വിൽക്കുന്നവർക്ക് 100,000 ഡോളർ വരെ പിഴ ഈടാക്കുമെന്നും സിറ്റി അധികൃതർ അറിയിച്ചു.

മിസ്സിസാഗ നഗരത്തിൽ അവധി ദിവസങ്ങളിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ കാനഡ ഡേയിൽ അറുപതിലധികം പരാതികൾ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ലഭിച്ചതായി സിറ്റി അധികൃതർ അറിയിച്ചു. അതേസമയം വിക്ടോറിയ ദിനം, കാനഡ ദിനം, ദീപാവലി, ചാന്ദ്ര പുതുവത്സരം, പുതുവത്സരാഘോഷം എന്നിവയിൽ അനുമതിയില്ലാതെ പടക്കങ്ങൾ ഉപയോഗിക്കാം. ഈ വർഷം ആദ്യം കിച്ചനർ, വാട്ടർലൂ എന്നിവയുൾപ്പെടെയുള്ള ഒൻ്റാരിയോയിലെ മറ്റ് നഗരങ്ങൾ പടക്ക വിൽപ്പന നിരോധിച്ചിരുന്നു.