എഡ്മിന്‍റൻ: പ്രവിശ്യാ വിദ്യാഭ്യാസ, ശിശുസംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങളെ തുടർന്ന് എഡ്മിന്‍റൻ പബ്ലിക് സ്‌കൂൾ ലൈബ്രറികളിൽ നിന്ന് നിരവധി അവാർഡ് നേടിയ പുസ്തകങ്ങൾ നീക്കം ചെയ്തേക്കാമെന്ന് പബ്ലിക് സ്കൂൾ ബോർഡ് മുൻ ട്രസ്റ്റി.

എഡ്മിന്‍റൻ പബ്ലിക് സ്കൂൾ ബോർഡ് (ഇപിഎസ്ബി) മുൻ ട്രസ്റ്റിയായ ബ്രിഡ്ജറ്റ് സ്റ്റിർലിംഗിന് ലഭിച്ച പട്ടികയിൽ സ്കൂൾ ലൈബ്രറി ഷെൽഫുകളിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുള്ള നൂറുകണക്കിന് പുസ്തകങ്ങളുടെ പേരുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. പട്ടിക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നതായി സ്റ്റിർലിംഗ് പറയുന്നു. മാർഗരറ്റ് ആറ്റ് വുഡിന്റെ ‘ദി ഹാൻഡ്‌മെയ്‌ഡ്‌സ് ടെയിൽ’, ആൽഡസ് ഹക്‌സ്‌ലിയുടെ ‘ബ്രേവ് ന്യൂ വേൾഡ്’, ജൂഡി ബ്ലൂമിന്റെ ‘ഫോറെവർ’ തുടങ്ങിയ നോവലുകൾ പട്ടികയിൽ ഉൾപ്പെട്ടതായി അവർ വ്യക്തമാക്കി. പട്ടികയിൽ ഉൾപ്പെട്ട പല പുസ്തകങ്ങളും സ്ത്രീകൾ, LGBTQ2S+ എഴുത്തുകാർ, തദ്ദേശീയ എഴുത്തുകാർ , ചരിത്രപരമായി വംശീയവൽക്കരിക്കപ്പെട്ട എഴുത്തുകാർ എന്നിവരുടേതാണെന്നും അവർ കൂട്ടിച്ചേർത്തു.
പട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകളോട് ബോർഡ് യോജിക്കുന്നു, എന്നിരുന്നാലും പ്രവിശ്യാ നിയമനിർമ്മാണത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നതായും ബോർഡ് ചെയർപേഴ്‌സൺ ജൂലി കുസിക് പറഞ്ഞു. കൂടാതെ പട്ടികയിൽ ഉൾപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ആശങ്കയുള്ളവർ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.