ടൊറന്റോ : എറ്റോബിക്കോ ഹൈവേ 401 ലെ സ്ട്രീറ്റ് റേസിങ് അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഡിക്സൺ റോഡിന് സമീപം ഹൈവേ 401 ൽ ശനിയാഴ്ച പുലർച്ചെ 1:15 നാണ് അപകടമുണ്ടായത്. ഗതാഗത മന്ത്രാലയത്തിന്റെ (എംടിഒ) ട്രക്കും രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ പൊലീസ് അറിയിച്ചു. സംഭവസമയത്ത് വാഹനങ്ങൾ റേസിങ് നടത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.

കാറിലെ യാത്രക്കാരനാണ് മരിച്ചത്. ഇതേ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കൾക്കും ട്രക്ക് ഡ്രൈവറായ സ്ത്രീക്കും ഗുരുതരമല്ലാത്ത പരുക്കേറ്റു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 19 വയസ്സുള്ള കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഒപിപി അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.