ഓട്ടവ: കാനഡയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് സമീപ ദിവസങ്ങളിൽ വിമാനങ്ങളുടെ കാലതാമസത്തിനും റദ്ദാക്കലിനും കാരണമായതായി റിപ്പോർട്ട്. കാനഡയുടെ സിവിൽ എയർ നാവിഗേഷൻ സിസ്റ്റം കൈകാര്യം ചെയ്യുന്ന NAV കാനഡയ്ക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം, വൻകൂവർ , കാൽഗറി , ടൊറൻ്റോ , മൺട്രിയോൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ താൽക്കാലിക സേവന തടസ്സങ്ങൾ നേരിടേണ്ടി വന്നു. ഇതെല്ലാം ജീവനക്കാരുടെ കുറവ് മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജീവനക്കാരുടെ കുറവ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും അതിൽ തങ്ങൾ നിരാശരാണെന്നും വൻകൂവർ ഇൻ്റർനാഷണൽ എയർപോർട്ട് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീഫൻ സ്മാർട്ട് പറഞ്ഞു. എയർ ട്രാഫിക് കൺട്രോളറുകളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ, ലാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും സ്റ്റീഫൻ സ്മാർട്ട് വ്യക്തമാക്കി.

അതേസമയം വൻകൂവർ വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം ചൊവ്വാഴ്ച 100 വിമാനങ്ങൾ റദ്ദാക്കുകയും 195 എണ്ണം വൈകുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് ഇത് പരിഹരിച്ചതെന്ന് NAV കാനഡ അറിയിച്ചു.ഈ രംഗത്തെ ജീവനക്കാരുടെ കുറവ് അടുത്ത കാലത്തൊന്നും പൂർണ്ണമായും പരിഹരിക്കപ്പെടില്ലെന്നാണ് വിലയിരുത്തൽ.