എഡ്മിന്റൻ : ആൽബർട്ടയിൽ ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾ നിരോധിച്ചതിന് പിന്നാലെ ഇരുനൂറിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നീക്കം ചെയ്ത് എഡ്മിന്റൻ പബ്ലിക് സ്കൂൾ ബോർഡ്. ഇതിൽ പ്രശസ്ത എഴുത്തുകാരായ മാർഗരറ്റ് ആറ്റ്‌വുഡിന്റെ ‘ദി ഹാൻഡ്‌മെയ്ഡ്‌സ് ടെയ്ൽ’, മായ ആഞ്ചലോയുടെ ‘ഐ നോ വൈ ദി കേജ്ഡ് ബേർഡ് സിങ്സ്’ തുടങ്ങിയ ക്ലാസിക് കൃതികളും ഉൾപ്പെടുന്നു. ഈ വിഷയത്തിൽ സ്കൂൾ ബോർഡ് അമിതാവേശം കാണിച്ചെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വിമർശിച്ചു.

പുസ്തകങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനം പുതിയ നയത്തിന്റെ ദുരുപയോഗമാണെന്ന് സ്മിത്ത് ആരോപിച്ചു. ബോർഡിൻ്റെ ഈ നീക്കം അപക്വമാണെന്നും, ആവശ്യമെങ്കിൽ നയത്തിന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ സർക്കാർ സഹായിക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു. അതേസമയം, തീരുമാനത്തിൽ അതൃപ്തിയുള്ളവർ വിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെടണമെന്ന് സ്കൂൾ ബോർഡ് ചെയർ ജൂലി കുസിക് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ എഡ്മിന്റൻ പബ്ലിക് സ്കൂൾ ബോർഡുമായി സംസാരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്സ് അറിയിച്ചു.