കാൽഗറി: ദീർഘകാലമായി ഉപയോഗിച്ചു വരുന്ന പേപ്പർ ഹെൽത്ത് കാർഡുകൾക്ക് പകരം ‘ആൽബർട്ട വാലറ്റ്’ എന്ന പേരിൽ പുതിയ ഡിജിറ്റൽ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി പ്രവിശ്യാ സർക്കാർ. ദുർബലവും എളുപ്പത്തിൽ കേടുവരുന്നതുമായ പേപ്പർ ഹെൽത്ത് കാർഡുകൾ നിർത്തലാക്കണമെന്ന പൊതുജനങ്ങളുടെ ദീർഘകാല ആവശ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം.

പുതിയ ഡിജിറ്റൽ ആപ്പ് അടുത്ത വർഷം അവതരിപ്പിക്കുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. ആരോഗ്യ വിവരങ്ങൾ സുഗമമാക്കാൻ ഈ ആപ്പ് സഹായിക്കുമെന്നും, ആശുപത്രികൾക്ക് രോഗികളുടെ ഡാറ്റ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആപ്പ് ഓപ്ഷണൽ ആയിരിക്കുമെന്നും പേപ്പർ കാർഡുകൾ ഇഷ്ടപ്പെടുന്നവർക്ക് അത് ഉപയോഗിക്കുന്നത് തുടരാമെന്നും പ്രീമിയർ വ്യക്തമാക്കി.