കൊച്ചി : ലോകത്തിലെ പ്രശസ്ത ചലച്ചിത്ര മേളകളിലൊന്നായ വൻകൂവർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി’ എന്ന ഡോക്യുമെന്ററി. ഒക്ടോബർ 2 മുതൽ 12 വരെ നടക്കുന്ന 44ാമത് വൻകൂവർ ചലച്ചിത്ര മേളയിൽ, രണ്ട് ദിവസങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിക്കും. ദീപിക സുശീലൻ ക്യൂറേറ്റ് ചെയ്യുന്ന ‘എഡ്ജസ് ബിലോങ്ങിങ്: ടെയിൽസ് ഓഫ് ഗ്രിറ്റ് ആൻഡ് ഗ്രേസ് ഫ്രം ഇന്ത്യ’ എന്ന വിഭാഗത്തിലാണ് ‘ഞാൻ രേവതി’ പ്രദർശിപ്പിക്കുക.

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും അഭിനേത്രിയുമായ എ. രേവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. നേരത്തെ, തിരുവനന്തപുരത്ത് നടന്ന ഐഡിഎസ്എഫ്എഫ്‌കെ, മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസയേഴ്‌സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സിനിമയ്ക്കുള്ള ഓഡിയൻസ് പോൾ അവാർഡ് കോഴിക്കോട് നടന്ന ഐഇഎഫ്എഫ്‌കെ സ്വതന്ത്ര ചലച്ചിത്ര മേളയിൽ ‘ഞാൻ രേവതി’ക്ക് ലഭിച്ചിരുന്നു. എ. ശോഭിലയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.