ജറുസലം: ഗാസ സിറ്റി യുദ്ധമേഖലയായി പ്രഖ്യാപിച്ചതോടെ വടക്കൻ ഗാസയിലേക്ക് പരിമിതിമായ തോതിൽ അനുവദിച്ചിരുന്ന ഭക്ഷ്യസഹായ വിതരണം ഇസ്രയേൽ ഉടൻ നിർത്തിയേക്കും. ഗാസ സിറ്റിയിൽ വിമാനങ്ങളിൽനിന്ന് ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നത് ഇന്നലെയോടെ നിർത്തി. സഹായവിതരണത്തിനായി പകൽ ആക്രമണം വെള്ളിയാഴ്ച വരെ നിർത്തിവച്ചിരുന്നു.

അതിനിടെ പട്ടിണിമൂലം 10 പേർ കൂടി മരിച്ചു. ഇതോടെ പട്ടിണിമരണം 124 കുട്ടികളടക്കം 332 ആയി. ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവെപ്പുകളിൽ 15 പേരും കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 63,371 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കരുതെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടു. പലായനം ചെയ്യുന്ന ലക്ഷങ്ങളെ പാർപ്പിക്കാൻ സ്ഥലം കണ്ടെത്താൻ അസാധ്യമായ സാഹചര്യത്തിലാണിത്.