ഹാലിഫാക്സ് : വരൾച്ചയെ തുടർന്ന് നോവസ്കോഷയിൽ ഏർപ്പെടുത്തിയ വനയാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ചു. ഹാലിഫാക്സ്, കേപ് ബ്രെട്ടൺ, റിച്ച്മണ്ട്, വിക്ടോറിയ, ഇൻവെർനസ്, ഗയ്സ്ബറോ, ആന്റിഗോണിഷ് എന്നിവിടങ്ങളിലാണ് വിലക്ക് പിൻവലിച്ചത്. ആഗസ്റ്റ് 29 വൈകിട്ട് നാല് മണി മുതൽ വനങ്ങളിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകും.

ഈ പ്രദേശങ്ങളിൽ യാത്രാ വിലക്ക് നീക്കിയെങ്കിലും ഒക്ടോബർ 15 വരെ സംസ്ഥാനത്ത് തീ കത്തിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. പിക്റ്റോ, കോൾചെസ്റ്റർ, കംബർലാൻഡ്, ഹാൻഡ്സ്, ലൂണൻബർഗ്, കിങ്സ്, അന്നാപോളിസ്, ക്വീൻസ്, ഷെൽബേൺ, ഡിഗ്ബി, യാർമൗത്ത് എന്നിവിടങ്ങളിൽ വനയാത്രാ വിലക്ക് തുടരും. ഈ കൗണ്ടികളിൽ നിലവിൽ വനത്തിൽ പ്രവേശിക്കുന്നവരിൽ നിന്ന് 25,000 ഡോളർ പിഴ ഈടാക്കാനാണ് തീരുമാനം.

കഴിഞ്ഞ മാസം വനയാത്രാ വിലക്ക് ലംഘിച്ചതിന് 10 കേസുകളും തീ കത്തിച്ചതിന് 9 കേസുകളും മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് വനസംരക്ഷണ വിഭാഗം ഡയറക്ടർ ജിം റൂഡർഹാം പറഞ്ഞു. അന്നാപോളിസ് കൗണ്ടിയിലെ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും, മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.