ടൊറന്റോ: ബ്രേസ്ബ്രിഡ്ജിൽ ഒരു കൂട്ടം യുവാക്കൾ ആകാശത്തേക്ക് വെടിയുതിർക്കുന്ന വിഡിയോ വൈറലായതോടെ പ്രതികളെ തിരഞ്ഞ് ഒന്റാരിയോ പ്രവിശ്യാ പൊലീസ്.
“നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകൾ കണ്ടിട്ടുണ്ടാകും, അതിൽ ആളുകൾ അശ്രദ്ധമായും സുരക്ഷിതമല്ലാത്ത രീതിയിലും തോക്കുകൾ ഉപയോഗിക്കുന്നത് കാണാം. ഈ പ്രവർത്തനങ്ങൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണ്. കുറച്ചു കാലമായി ഞങ്ങൾ അന്വേഷണം നടത്തിവരികയാണ്,” പൊലീസ് പറഞ്ഞു.

വാഹനത്തിൽ നിന്ന് ഇറങ്ങി വരുന്ന നിരവധി യുവാക്കൾ ഒരു പാലത്തിന് മുകളിൽ വച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്നത് വിഡിയോകളിൽ കാണാം. ഈ വിഡിയോകൾ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. മാക്റ്റിയർ ഏരിയയിലെ ഒരു പാലത്തിലാണ് സംഭവങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിഡിയോകളിലെ ആളുകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബ്രേസ്ബ്രിഡ്ജ് ഒപിപിയെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.