രാഹുല്‍ മങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. രാഹുലിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍ ഉള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീക്കം. വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചു.
രാഹുലിനെതിരെ പത്ത് പരാതികളാണ് ലഭിച്ചത്. എന്നാല്‍, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നീക്കം നടത്തുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് മുന്‍പില്‍ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണവുമായി മുന്നോട്ടു പോകാനാവില്ല. രാഹുലില്‍ നിന്ന് മോശം അനുഭവം നേരിട്ട സ്ത്രീകള്‍ നിയമ നടപടികളുമായി സഹകരിക്കുക കൂടി വേണം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി ഇന്നലെ രംഗത്തെത്തി. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സമാന ആരോപണം നേരിടുന്നവര്‍ ഇടതുപക്ഷത്തും ഉണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത് കഴമ്പില്ലാത്ത ആരോപണങ്ങളെന്നു അടൂര്‍ പ്രകാശ് എം പി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവും രാഹുലിനെ കൈവിടുന്നില്ല. എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ക്കെതിരെ കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും വരുമെന്ന് വിഡി സതീശന്‍ ഇന്നലെ പറഞ്ഞു.