ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തീപിടിത്ത മുന്നറിയിപ്പിനെത്തുടര്‍ന്ന് തിരിച്ചിറക്കി. ദില്ലി-ഇന്‍ഡോര്‍ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ വലത് എഞ്ചിനില്‍ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. ടേക്ക് ഓഫീന് തൊട്ടുപിന്നാലെ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ‘ഓഗസ്റ്റ് 31-ന് ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് സര്‍വീസ് നടത്തിയിരുന്ന AI2913 വിമാനം, പറന്നുയര്‍ന്ന് അധികം താമസിയാതെ ഡല്‍ഹിയില്‍ തിരിച്ചിറക്കി. എഞ്ചിനില്‍ തീപിടിത്ത സാധ്യതയുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാര്‍ക്ക് സൂചന ലഭിച്ചതിനാലാണിത്’, അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ പരിശോധന തുടരുകയാണ്.