വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സൺഷൈൻ കോസ്റ്റിലെ റസ്റ്ററൻ്റിൽ വീണ്ടും ഹെപ്പറ്റൈറ്റിസ് എ രോഗബാധ സ്ഥിരീകരിച്ചതായി വൻകൂവർ കോസ്റ്റൽ ഹെൽത്ത് അറിയിച്ചു. സെഷെൽറ്റിലെ പെപ്പർ ക്രീക്ക് പിസ്സ & പാസ്തയിലാണ് അണുബാധ കണ്ടെത്തിയത്. ജൂലൈ 31 നും ഓഗസ്റ്റ് 14 നും ഓഗസ്റ്റ് 23 നും 29 നും ഇടയിൽ ഈ റസ്റ്ററൻ്റിൽ സാലഡ് കഴിച്ചവർ രോഗബാധിതരായിക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം റസ്റ്ററൻ്റിൽ പാകം ചെയ്ത ഭക്ഷണം കഴിച്ച ആളുകൾക്ക് ഈ രോഗം ബാധിക്കാനുള്ള സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അണുബാധയുണ്ടായതായി സംശയം തോന്നിയാൽ ഹെപ്പറ്റൈറ്റിസ് എ വാക്സിൻ സ്വീകരിച്ചാൽ രോഗബാധയിൽ നിന്നും രക്ഷപ്പെടാം. അതിനാൽ പെപ്പർ ക്രീക്ക് പിസ്സ & പാസ്തയിൽ നിന്നും സലാഡുകൾ കഴിച്ചവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
ഹെപ്പറ്റൈറ്റിസ് എ ലക്ഷണങ്ങൾ
- കടുത്ത ക്ഷീണം
- വിശപ്പില്ലായ്‌മ, വയറിന് അസ്വസ്ഥത
- ഭാരം കുറയൽ
- വയറിന്റെ വലതുവശത്ത്, വാരിയെല്ലുകൾക്ക് താഴെ വേദന
- പനി
- ചർമ്മത്തിനും കണ്ണിനും മഞ്ഞനിറം