എഡ്മിന്റൻ : ആൽബർട്ടയിലെ പബ്ലിക് സ്‌കൂൾ ലൈബ്രറികളിൽ നിന്ന് ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങൾ നിരോധിച്ചതിനെതുടർന്ന് ആക്ഷേപഹാസ്യ ചെറുകഥയുമായി പ്രശസ്ത എഴുത്തുകാരി മാർഗരറ്റ് ആറ്റ്‌വുഡ് രംഗത്ത്. പ്രവിശ്യയുടെ പുതിയ നിയമങ്ങൾ കാരണം ആറ്റ്‌വുഡിന്റെ “ദി ഹാൻഡ്‌മെയ്ഡ്‌സ് ടെയിൽ” ഉൾപ്പെടെയുള്ള ചില പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ആൽബർട്ടയിലെ സ്കൂളുകളിൽ സാഹിത്യ ക്ലാസിക് ഇനി അനുയോജ്യമല്ലാത്തതിനാൽ, ജോൺ, മേരി എന്നീ രണ്ട് “വളരെ വളരെ നല്ല കുട്ടികളെക്കുറിച്ച്” 17 വയസ്സുള്ള കുട്ടികൾക്കായി ഒരു ചെറുകഥ എഴുതിയതായി ആറ്റ്‌വുഡ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

പ്രവിശ്യയിലെ ഏറ്റവും വലിയ സ്കൂൾ ബോർഡുകളിൽ ഒന്നായ എഡ്മിന്റൻ പബ്ലിക് സ്കൂൾ ബോർഡ്, ഒക്ടോബർ 1-നകം ലൈംഗിക ഉള്ളടക്കം അടങ്ങിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യണമെന്ന ആൽബർട്ട വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കുന്നതിനായി ഈ വർഷം ഇരുന്നൂറിലധികം പുസ്തകങ്ങൾ സ്കൂളുകളിൽ നിന്ന് നീക്കം ചെയ്‌തു.