ബെയ്ജിങ്: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പിന്തുണ തേടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി ഇക്കാര്യം ചര്‍ച്ചചെയ്തു. വിഷയത്തില്‍ ചൈന ഇന്ത്യക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയുടെ ഭാഗമായി ടിയാന്‍ജിനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മിസ്രിയുടെ പരാമര്‍ശം.

അതിര്‍ത്തികടന്നുള്ള ഭീകരവാദം ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഇതിനെ ഇരുരാജ്യങ്ങളും ചെറുക്കുമ്പോള്‍ പരസ്പരം മനസ്സിലാക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും മോദി അടിവരയിട്ടു പറഞ്ഞതായി വാര്‍ത്താസമ്മേളനത്തില്‍ മിസ്രി വ്യക്തമാക്കി. ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരുരാജ്യങ്ങളും പരസ്പരം മനസ്സിലാക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും മിസ്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളെ സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഷി ജിന്‍പിങ്ങുമായി മോദി ചര്‍ച്ചചെയ്തു. അതിര്‍ത്തി പ്രശ്‌നത്തിന് സ്വീകാര്യമായ ഒരു പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇതുമായി ബന്ധപ്പെട്ട ഏകോപനത്തിന് വരുംദിവസങ്ങളിലും ചുമതലപ്പെട്ട സംവിധാനങ്ങള്‍ വഴി യോഗംചേരും. ആഗോള സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.