കാന്‍ബറ: ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യക്കാര്‍ കൂട്ടമായി കുടിയേറുന്നതിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് സര്‍ക്കാര്‍ രംഗത്ത്. വംശീയതയിലൂന്നിയ തീവ്ര വലത് ആക്ടിവിസത്തിന് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തനത് ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തിനും അവിടത്തെ ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുടിയേറ്റത്തിനെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു. സിഡ്‌നി, മെല്‍ബണ്‍, കാന്‍ബറ തുടങ്ങിയ നഗരങ്ങളില്‍ നടന്ന ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ റാലികളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ കുടിയേറിയ ഗ്രീക്കുകാരെക്കാളും ഇറ്റലിക്കാരെക്കാളും കൂടുതല്‍ ഇന്ത്യക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഓസ്‌ട്രേലിയയില്‍ കുടിയേറിയെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’യുടെ പ്രക്ഷോഭം വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രതിഷേധക്കാര്‍ക്ക് നിയോ-നാസി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ഇത്തരം റാലികളെ പിന്തുണയ്ക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ മന്ത്രി മുറായ് വാട്ട് വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.