കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കുനാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. 115 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
നിരവധി കെട്ടിടങ്ങള്‍ തകരുകയും ആളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ഗ്രാമത്തില്‍ മാത്രം 30 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ”ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും എണ്ണം കൂടുതലാണ്, പ്രദേശത്തേക്ക് എത്തിച്ചേരാന്‍ പ്രയാസമുണ്ടെന്നും ടീമുകള്‍ ഇപ്പോഴും സ്ഥലത്തുണ്ട്,” ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പരുക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇന്‍ഫര്‍മേഷന്‍ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു. നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.