കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 600 കടന്നു.
നിരവധി കെട്ടിടങ്ങള്‍ ഇപ്പൊഴും മണ്ണിനടിയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം 500ലധികം മരണം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. ജലാലാബാദില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് പ്രഭവസ്ഥാനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1500 ലേറെ പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണ്ണിടിച്ചിലില്‍ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോയതിനാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സമയമെടുക്കും.

വെള്ളപൊക്കവും മണ്ണിച്ചിലും രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഭൂചലനത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ 90 ശതമാനവും പര്‍വ്വത മേഖലകളായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ആളുകളെ പുറത്തെത്തിക്കാന്‍ ഹെലികോപ്റ്ററുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കുനാറില്‍ 610 പേര്‍ക്കും നംഗര്‍ഹറില്‍ 12 പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.
‘കിഴക്കന്‍ പ്രവിശ്യകളില്‍ ചിലതില്‍ ജീവഹാനിയും സ്വത്തുനാശവും ഉണ്ടാക്കിയതായി’- താലിബാന്‍ സര്‍ക്കാര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ദുരിതബാധിതര്‍ക്കായി പ്രാദേശിക ഉദ്യോഗസ്ഥരും താമസക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.