വാഷിങ്ടൺ : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കനത്ത നികുതി (തീരുവ) ചുമത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള മരുന്നുകൾക്ക് 200% വരെ തീരുവ ചുമത്തുമെന്നാണ് ഭീഷണി. ഇത് മരുന്ന് വില വർധനയ്ക്കും ക്ഷാമത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ വിദേശ മരുന്നുകൾക്ക് യുഎസിൽ നികുതിയില്ലായിരുന്നു. എന്നാൽ, പുതിയ തീരുമാനം ട്രംപിന്റെ ‘മരുന്ന് വില കുറയ്ക്കും’ എന്ന വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ഈ നീക്കം ജനറിക് മരുന്ന് കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും. ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളെ ആശ്രയിച്ചാണ് 97% ആന്റിബയോട്ടിക്കുകളും 92% ആന്റിവൈറൽ മരുന്നുകളും നിർമ്മിക്കുന്നത്. നികുതി വർധിച്ചാൽ മരുന്ന് നിർമ്മാണത്തിന് ചെലവേറുകയും കമ്പനികൾക്ക് യുഎസ് വിടേണ്ടിവരുകയും ചെയ്യാം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക സമൂഹത്തിലെ ദരിദ്രരെയും പ്രായമായവരെയുമായിരിക്കും. ഒന്നര വർഷത്തിന് ശേഷമായിരിക്കും തീരുമാനം പ്രാബല്യത്തിൽ വരിക.