ടിയാന്‍ജിന്‍: ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി ചൈനയിലെ ടിയാന്‍ജിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവര്‍ അപ്രതീക്ഷിത ഹ്രസ്വ ചര്‍ച്ച നടത്തി. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്ക് മുന്‍പായി മോദിയും ഷി ജിന്‍പിങ്ങും ഒരുമിച്ചാണ് വേദിയില്‍ എത്തിയത്. അമേരിക്കയുടെ തീരുവയുദ്ധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഈ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടിക്കാഴ്ചയില്‍ മോദി ഉന്നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു. ഇത് ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രധാനമന്ത്രി മോദി ഉന്നയിച്ചപ്പോള്‍, ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ചൈന ഉറപ്പ് നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.