ബെയ്ജിങ്: ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്ത് യാത്ര ചെയ്തത്. റഷ്യയുമായുള്ളത് ദീർഘകാല ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുടിന്‍റെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും യുക്രയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും മോദി പറഞ്ഞു. റഷ്യ -ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇത് മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നും പുടിൻ പറഞ്ഞു. നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് പുടിൻ പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്. വ്ളാഡിമിർ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്ളാദകരമെന്ന് മോദി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ഷി ജിൻപിങിന്‍റെ അടുത്തെത്തി ഹ്രസ്വ ചർച്ച നടത്തി.