ഓട്ടവ : നിരവധി അവിസ്മരണീയമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ, ഓസ്കാർ നോമിനേഷൻ ലഭിച്ച കനേഡിയൻ നടൻ ഗ്രഹാം ഗ്രീൻ അന്തരിച്ചു. 73 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. തിങ്കളാഴ്ച ഒൻ്റാരിയോയിലെ സ്ട്രാറ്റ്ഫോർഡിൽ അദ്ദേഹം നിര്യാതനായതായി ഗ്രീന്‍റെ മാനേജ്മെൻ്റ് ടീം അറിയിച്ചു. ഒൻ്റാരിയോയിലെ സിക്സ് നേഷൻസ് റിസർവ് ഓസ്‌വെക്കനിൽ പാരാമെഡിക്കും മെയിന്‍റനൻസ് ജോലിക്കാരനുമായ ജോണിന്‍റെയും ലിലിയൻ ഗ്രീനിന്‍റെയും മകനായി 1952 ജൂൺ 22-നാണ് ജനനം. അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ്, ഗ്രീൻ ഡ്രാഫ്റ്റ്സ്മാൻ , സ്റ്റീൽ വർക്കർ, വെൽഡർ എന്നീ നിലകളിൽ ജോലി ചെയ്തിരുന്നു.

കെവിൻ കോസ്റ്റ്നറുടെ ഡാൻസസ് വിത്ത് വോൾവ്സ് (1990) എന്ന ചിത്രത്തിലെ കിക്കിങ് ബേർഡ് (സിറ്റ്ക നാഗ്വാക്ക) എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം രാജ്യാന്തര പ്രശസ്തി നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷൻ നേടി. തണ്ടർഹാർട്ട് ( 1992 ) , മാവെറിക് ( 1994 ), ഡൈ ഹാർഡ് വിത്ത് എ വെൻജിയൻസ് (1995) , ദി ഗ്രീൻ മൈൽ (1999), സ്കിൻസ് (2002), ട്രാൻസ്അമേരിക്ക (2005 ) , കാസിനോ ജാക്ക് (2010 ), വിന്റേഴ്സ് ടെയിൽ (2014), ദി ഷാക്ക് (2017), വിൻഡ് റിവർ (2017) എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ.