ടൊറന്റോ : ഭവന നിർമാണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഒന്റാരിയോയിൽ നടപ്പിലാക്കിയ ‘സ്ട്രോങ്ങ് മേയർ’ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോർട്ട്. സ്ട്രാറ്റജി കോർപ്പ് നടത്തിയ സർവേയിലാണ് കണ്ടെത്തലുകൾ. പദ്ധതി ആരംഭിച്ച് മൂന്ന് വർഷത്തിന് ശേഷവും ഭവന നിർമാണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രവിശ്യയിലെ 32 നഗരങ്ങളിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ (സി.എ.ഒ) ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ശക്തരായ മേയർമാർക്ക് മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം നൽകുന്നത് പക്ഷപാതപരമായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്നും നഗരകാര്യങ്ങളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2022-ൽ ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഏതാനും നഗരങ്ങളിലേക്ക് മേയറിന്റെ അധികാര പരിധി വ്യാപിപ്പിച്ചിരുന്നു. പിന്നീട് 216 മുനിസിപ്പാലിറ്റികളിൽ കൂടി ഇത് നടപ്പിലാക്കി. എന്നാൽ, മുനിസിപ്പാലിറ്റികൾക്ക് ഭവന നിർമാണത്തിനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, 50 വലിയ മുനിസിപ്പാലിറ്റികളിൽ 15 എണ്ണം മാത്രമാണ് 2024-ലെ ലക്ഷ്യം മറികടന്നതെന്നും പ്രവിശ്യാ ഡാറ്റ സൂചിപ്പിക്കുന്നു. അതേസമയം, ശക്തമായ മേയർ അധികാരങ്ങൾ ഭവന നിർമാണത്തിന് തടസ്സമാകുന്ന, യഥാർത്ഥ കാരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ലെന്ന് സ്ട്രാറ്റജി കോർപ്പിലെ സാബിൻ മാത്തസൺ പറഞ്ഞു.

അധികാരങ്ങൾ ഭവന നിർമാണത്തിന് തടസ്സമാവുന്നില്ലെന്നും, ഓരോ നഗരത്തിനും തങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഭവന നിർമാണ മന്ത്രി റോബ് ഫ്ലാക്കിന്റെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.