ഓട്ടവ : ഈസ്റ്റേൺ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ കനേഡിയൻ പൗരന്മാർക്ക് ആർക്കെങ്കിലും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്ന് ഗ്ലോബൽ അഫയേഴ്‌സ് കാനഡ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയും ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അനുശോചനം രേഖപ്പെടുത്തി. അഫ്ഗാൻ ജനതയുടെ ദുരിതത്തിൽ കാനഡ ഒപ്പമുണ്ടെന്നും അവർക്ക് വേണ്ട മാനുഷിക സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഞായറാഴ്ച വൈകുന്നേരം കുനാർ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് സമീപമാണ് റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. താലിബാൻ സർക്കാരിന്റെ കണക്കനുസരിച്ച്, ഭൂചലനത്തിൽ 800 പേർ മരിക്കുകയും 2500-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഭൂചലനമുണ്ടായ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്ന് യുഎൻഎച്ച്സിആർ അഫ്ഗാനിസ്ഥാനിലെ എക്‌സ്‌റ്റേണൽ റിലേഷൻസ് മേധാവി ചാർലി ഗുഡ്‌ലേക്ക് പറഞ്ഞു. തകർന്ന ഗ്രാമങ്ങളിലേക്ക് ഹെലികോപ്റ്റർ വഴിയാണ് ആശയവിനിമയം നടത്തുന്നത്. അവശ്യസാധനങ്ങളായ ഭക്ഷണവും മരുന്നുകളും എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.