മിസ്സിസാഗ : യുവ കനേഡിയൻ പൗരന്മാർക്ക് ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്ന താൽക്കാലിക വിദേശ തൊഴിലാളി പദ്ധതി നിർത്തലാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് ആവശ്യപ്പെട്ടു. നമ്മുടെ സ്വന്തം യുവാക്കളെ ജോലിയിൽ നിന്ന് പുറത്താക്കുകയും ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വേതനമുള്ള താൽക്കാലിക വിദേശ തൊഴിലാളികളെ പകരം നിയമിക്കുകയും ചെയ്യുന്നതിൽ ലിബറൽ സർക്കാർ ഉത്തരം പറയണം, പിയേർ പറഞ്ഞു. തെറ്റ് താൽക്കാലിക വിദേശ തൊഴിലാളികളുടേതല്ല, മറിച്ച് ലിബറൽ ഗവൺമെൻ്റിന്‍റെയും ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ലിബറൽ കോർപ്പറേറ്റ് പ്രമാണിമാരുടെയുമാണെന്നും അദ്ദേഹം പറയുന്നു.

2025-ൽ ലിബറൽ സർക്കാർ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിലൂടെ 82,000 പേരെ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഫെഡറൽ സർക്കാർ ഇതിനകം 105,000 പെർമിറ്റുകൾ നൽകിയിട്ടുണ്ടെന്ന് പിയേർ പൊളിയേവ് പറഞ്ഞു. എന്നാൽ ലിബറൽ സർക്കാർ ഈ വാദത്തെ എതിർക്കുന്നു. ജനുവരി മുതൽ ജൂൺ വരെ 33,722 താൽക്കാലിക വിദേശ തൊഴിലാളികൾ മാത്രമേ രാജ്യത്ത് പ്രവേശിച്ചുള്ളൂവെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന ഡയബിന്‍റെ ഓഫീസ് പറയുന്നു. ഇത് ഈ വർഷം പ്രതീക്ഷിക്കുന്ന മൊത്തം TFW-കളുടെ 40 ശതമാനമാണ്. മൊത്തത്തിൽ, 2024 ജനുവരി മുതൽ ജൂൺ വരെയുള്ള സമയത്തെ അപേക്ഷിച്ച് 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 125,903 പുതിയ താൽക്കാലിക തൊഴിലാളികളുടെ കുറവ് ഉണ്ടായിട്ടുണ്ട്,” ഇമിഗ്രേഷൻ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

താൽക്കാലിക വിദേശ തൊഴിലാളി (TFW) പദ്ധതി നിർത്തലാക്കുകയും പകരം കാനഡയിലെ കാർഷിക മേഖലയിലേക്ക് തൊഴിലാളികളെ നിയമിക്കാൻ ഒരു പ്രത്യേക പദ്ധതിക്ക് രൂപം നൽകുമെന്നും കൺസർവേറ്റീവ് പാർട്ടി പറയുന്നു. കുറച്ചു കാലം മുമ്പ് വരെ കനേഡിയൻ യുവാക്കൾക്ക് എൻട്രി ലെവൽ ജോലികൾ നേടാനും, പഠനത്തിന് പണം കണ്ടെത്താനും ഭാവി കെട്ടിപ്പടുക്കാനും ആവശ്യമായ വരുമാനം നേടാനും കഴിയുമായിരുന്നു, കൺസർവേറ്റീവ് എംപി മിഷേൽ റെമ്പൽ ഗാർണർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ലിബറൽ സർക്കാരിന്‍റെ പുതിയ നയങ്ങൾ കനേഡിയൻ യുവാക്കൾക്ക് തിരിച്ചടിയായതായി അവർ കുറ്റപ്പെടുത്തി.