ഒന്റാരിയോ: ഫാള്‍സിലെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രത്തില്‍ വീണ്ടും ഒരു ബെലൂഗ തിമിംഗലവും ഒരു ഹാര്‍ബര്‍ സീലും ചത്തു. 2019 മുതല്‍ നയാഗ്ര ഫാള്‍സിലെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രത്തില്‍ ചത്തൊടുങ്ങിയ തിമിംഗലങ്ങളില്‍ ഇരുപത്താാമത്തെ തിമിംഗലമാണിത്. ചത്ത തിമിംഗലങ്ങളില്‍ 19 എണ്ണം ബെലൂഗകളും ഒന്ന് കൊലയാളി തിമിംഗലവുമാണ്.
കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കാത്ത മറൈന്‍ലാന്‍ഡ് ഇനി എപ്പോള്‍ വീണ്ടും തുറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ പാര്‍ക്ക് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ഓഗസ്റ്റ് പകുതിയോടെ അതിക്രമിച്ചു കയറിയ ചിലര്‍ പാര്‍ക്കിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് തിമിംഗളങ്ങള്‍ ചത്തതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നുഴഞ്ഞുകയറിയ സംഘം പാര്‍ക്കിലെ ആണ്‍ ബെലൂഗകളെ പാര്‍പ്പിച്ചിരുന്ന ഫ്രണ്ട്ഷിപ്പ് കോവിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് അവര്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് ഏതാനും ചെറുപ്പക്കാരായ ബെലൂഗകള്‍ ഒരു പ്രായം ചെന്ന ബെലൂഗയെ ആക്രമിച്ചതായും വൃത്തങ്ങള്‍ പറയുന്നു. മറൈന്‍ലാന്‍ഡ് ജീവനക്കാര്‍ ചികിത്സ നല്‍കിയെങ്കിലും ബെലൂഗയെ രക്ഷിക്കാനായില്ല.

മറൈന്‍ലാന്‍ഡില്‍ ഏകദേശം 30 ബെലൂഗകളാണ് അവശേഷിക്കുന്നതെന്നാണ് കരുതുന്നത്. ഇത്രയധികം ബെലൂഗകളെ താമസിപ്പിക്കാന്‍ താല്‍ക്കാലികമായി ഒരിടമില്ല എന്നതാണ് പ്രധാന പ്രശ്‌നം. മൃഗസംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നത് 2020 ജനുവരിയില്‍ ഒന്റാറിയോ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ മുതല്‍ മറൈന്‍ലാന്‍ഡില്‍ നിരന്തരമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടക്കുന്നുണ്ട്.
കൂടുതല്‍ മൃഗങ്ങള്‍ മരിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് നയാഗ്ര ഫാള്‍സിനെ പ്രതിനിധീകരിക്കുന്ന ന്യൂ ഡെമോക്രാറ്റ് അംഗം വെയ്ന്‍ ഗേറ്റ്‌സ് പറഞ്ഞു. കൂടാതെ, അന്വേഷണ ഫലങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കാനും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.